ഒരു തേനീച്ചയുടെ പ്രണയം

ഇത് കവിതയല്ല കവിതയിലേക്കുള്ള വഴിയാണ്

ഞാന്‍ പ്രണയിച്ചതൊരു പൂവിനെ
മാത്രമല്ല പൂക്കളെയാണ്
വിശപ്പിന്റെ ധ്വനികള്‍ എന്നില്‍
പ്രണയത്തിന്റെ വരികള്‍ എഴുതി
അവളെനിക്കു മധുവേകി ഞാന്‍
അവള്‍ക്കു പ്രണയം നല്‍കി
എത്ര എത്ര പൂക്കള്‍ എന്നെവിട്ടു
പിരിഞ്ഞെന്നാലും  എനിക്ക് പ്രണയിക്കാന്‍
പൂക്കള്‍ ഇന്നിയും ബാക്കിയാണ്…

മടക്കയാത്ര-2

ജീവിതമെന്ന വസന്തകാലത്തിന്റെ നിറം മങ്ങിയ ഓര്‍മ്മകളില്‍ നിന്നും മനസ്സിന്റെ മടക്കയാത്ര…

ണ്ടുപണ്ടാരോ വരച്ചു പാതി നിറം കൊടുക്കാന്‍
മറന്ന ചിത്രമാണെന്റെ ജീവിതം
വരച്ചതത്രയും തെറ്റെന്നോതുവാന്‍
ആകില്ല ഒരിക്കലും മെങ്കിലും
എവിടെനിന്നോ നോവിന്‍ ചെറുചാറ്റല്‍
മഴനനഞതാ ചിത്രമപ്പാടെ മങ്ങിയിരുന്നു
വിരഹദു:ഖങ്ങള്‍ തന്‍ പടവാളോങ്ങുന്ന
യുദ്ധഭൂമിയില്‍ കതനത്തിന്‍ കറ്റേറ്റു
പറന്നുയര്‍ന്നൊരെന്‍ ചിത്രം
ഒടുവില്‍ നിരാശതന്‍ മരച്ചില്ലയിലുടക്കി
കുടുങ്ങി തൂങ്ങിയാടുമ്പോള്‍
നിറം കൊടുക്കുവാനാകില്ലിനിയെന്‍
പൂര്‍ത്തിയാകാത്തൊരി മങ്ങിയ ജീവിത
ചിത്രത്തിനെന്നു ഞാനറിയുന്നു…

ഒരു കാത്തിരിപ്പിന്റെ കഥ

മുളപൊട്ടിയില്ലൊരിക്കലുമെന്റെ
കാത്തിരുപ്പിന്റെ വിത്തുകള്‍ക്കൊടുവില്‍
അവവെറും ഓര്‍മ്മകളായ് ഒടുങ്ങി
മിച്ചംവച്ചെന്‍ സ്വപ്നങ്ങളും കണ്ണുനീരിന്‍
കുത്തൊഴുക്കിലെങ്ങൊ ഒലിച്ചുപോയി
നിഷ്ഫലമാം എന്‍ ഓര്‍മ്മകളുടെ വിങ്ങലില്‍
നിരര്‍ത്ഥമാം ജീവിത ചക്രങ്ങള്‍
തിരിയുമീ വഴിത്താരയിലൊക്കെയും
വീണുടഞ്ഞു പൊയെന്‍ മനസ്സിന്റെ
കഷ്ണ്‍ങ്ങള്‍ പെറുക്കിക്കൂട്ടി ഞാന്‍ നടന്നു
എന്‍ ഹ്രദയാകാശത്തിലുരുകി
ഉതിര്‍ന്നു വീണ വിരഹമാം കാര്‍മേഘം
ചാലിച്ചെടുത്തൊട്ടിച്ച മനസ്സില്‍
ഓര്‍മ്മകള്‍ക്കു ഞാന്‍ ചിതയൊരുക്കി
കനവില്‍ എരിയുന്ന നോവിന്റെ
തീക്കനലുകളില്‍ വെന്തിട്ടും
മരിക്കാതെ ഓര്‍മ്മകള്‍ മാത്രം ബാക്കിയായി
എന്‍ ഓര്‍മ്മകള്‍ മാത്രം ബാക്കിയായി…

വിടപറയാന്‍ മടിച്ച ഒറ്റപ്പെടലിന്റെ ദു:ഖം പെയ്തുതോരാത്ത ഒരു വര്‍ഷകാല രാത്രിയില്‍ ഇരുള്‍ പടര്‍ന്ന എന്‍ മനസ്സിന്റെ കുടക്കീഴില്‍ എവിടെനിന്നൊ ഒരു തുണ്ടുവെട്ടവുമായി കടന്നുവന്ന ഒരു മിന്നാമിനുങ്ങ് പാതിവഴിയില്‍ വിട പറഞ്ഞപ്പോള്‍ എനിക്ക് സമ്മാനിച്ചത് കാത്തിരിപ്പിന്റെ വിത്തുകള്‍ മാത്രമായിരുന്നു. ഋതുഭേതങ്ങള്‍ മാറിമറിഞ്ഞിട്ടും മുളക്കാത്ത വിത്തുകളും പ്രിയ മിന്നാമിനുങ്ങും ഒടുവിലെന്‍ ഓര്‍മ്മകളുടെ കൂട്ടില്‍ ചേക്കേറിയപ്പോളവയെ മനസ്സിന്റെ ഒരറയില്‍ നഷ്ട് സ്വപ്നങ്ങള്‍ക്കൊപ്പം സൂക്ഷിക്കേണ്ടിവന്നു എനിക്ക് വെറും ഓര്‍മ്മകളായ്… ആ ഓര്‍മ്മകളില്‍ എന്‍ തുലിക കൊണ്ട് ചില അക്ഷരങ്ങളെ കോര്‍ത്തെടുക്കാന്‍ ശ്രമിച്ചതാണെന്റെ ഈ കവിത… അഭിപ്രായങ്ങള്‍ അറിയിക്കുമല്ലൊ…

മനസാക്ഷി

നിദ്രയില്‍ മാത്രം നിഷ്കളങ്കനാം എന്നുടെ
തെറ്റുകുറ്റങ്ങളില്‍ കുറ്റബോധമായവന്‍ ജനിച്ചു
ഇരുണ്ട വീചിയിലൂടനീതിതന്‍  കറുത്ത നിഴല്‍കൊണ്ടു
വെളിച്ചത്തിനു ചിതയൊരുക്കി ഞാന്‍ നടന്നു
എന്നിലെ അവന്‍ തീര്‍ത്ത നന്മയുടെ ഇടവഴികളെ
അവിവേകമാം മുള്ളുകള്‍ പാകിഞാന്‍ എതിര്‍ത്തു
ഇന്നിയാ വഴികളിലൂടെ മടങ്ങിവരുവാനാകാത്ത-
ഞാന്‍ ഒരിക്കല്‍ നോക്കിനില്‍ക്കെ
എന്നില്‍നിന്നിറങ്ങി നടന്നകന്നു അവന്‍
എന്നിലെ മൂഡത്വം അറിയാനനുവദിച്ചില്ലൊരിക്കലും
അവന്‍ എന്റെ മനസാക്ഷി ആയിരുന്നെന്ന സത്യം.