മനസിന്റെ അകത്തളത്തില്‍ ദേവലോകത്തിന്റെ തൂലികകൊണ്ട് മാത്രം തുറക്കാവുന്ന ഒരു പൂട്ടിട്ട് ഞാന്‍ എന്റെ ഭാവനയെ സൂക്ഷിച്ചിരുന്നു.പഴയത് പോലെ തൂലികയില്‍ അക്ഷരങ്ങള്‍ പിറക്കതായപ്പോഴാണ് എന്റെ ഭാവനയെ ഏതോ മൂഷിക തസ്കര്‍ അപഹരിച്ചിരിക്കുന്നു എന്നസത്യം ഞാന്‍ മനസിലാക്കിയത് സമയ ദാരിദ്രം ഒരു പ്രശ്നമാണെങ്കിലും പൊതുവേ ബ്ലോഗര്‍ മാര്‍ക്ക് നേരിടേണ്ടി വരുന്ന വിഷയ ദാരിദ്രം എനിക്കൊരു പ്രശ്നമായിരുന്നില്ല. നമ്മുടെ കേരളത്തില്‍ ഇന്ന് അതൊരു പ്രശ്നമേ ആണെന്ന് തോന്നുന്നില്ല. വിഷയങ്ങള്‍ കൂടിപോയതുകൊണ്ടാണോ ഇന്നി എന്റെ തൂലികയുടെ സൃഷ്ട്ടികള്‍ ചാവിള്ളകള് ആകുന്നത് . ആശയങ്ങളും വിഷയങ്ങളും
മനസിന്റെ ഉള്ളറയില്‍ കൂട്ടിയും കുറച്ചും പടയോരുക്കി സടകുടഞ്ഞു കടഞ്ഞെടുത്ത ഭാവനകൊണ്ട് എന്തെങ്കിലും എഴുതിയാലും പഴയത് പോലെ ഒരു ഗുമ്മില്ല. ഗുമ്മില്ലാത്ത പോസ്റ്റ് കുഴിയില്ലാത്ത അപ്പം പോലെ ആണ് ഒരു ഭംഗിയും ഉണ്ടാകില്ല. കുഴി എണ്ണാന്‍ ആളില്ലെങ്കില്‍ പിന്നെ പോസ്റ്റിട്ടിട്ടും കാര്യമില്ല. കുഴിയാകുന്ന കമന്റുകളിലാണല്ലോ ഓരോ പോസ്റ്റിന്റെയും വിജയം.
എന്റെ സൃഷ്ട്ടി മണ്ഡലത്തില്‍ കടിഞ്ഞാണില്ലാത്ത പടകുതിരയെ പോലെ വെമ്പല്‍ കൊണ്ടിരുന്ന സര്‍ഗാത്മകത എവിടെ പോയി? എന്നിലെ ആശയങ്ങളും ഭാവനയും മലേഷ്യക്ക് ഹണിമൂണ്‍ പോയിരിക്കുന്നുവോ? അതോ ജീവിത ചക്രത്തിന്റെ ദ്രുതചലനത്തില്‍ പെട്ടവ വിജുരുംബിച്ചുവോ? കാലമെന്ന തേര് തെളിക്കുന്ന സമയം കടമെടുത്ത് ഞാന്‍ ജന്മം കൊടുക്കാന്‍ ആഗ്രഹിച്ച നല്ല സൃഷ്ട്ടികള്‍ പാതിവഴിയില്‍ തളര്‍ന്നു വീഴുന്നതിന്റെ കാരണമെന്ത് ? കുറെ ഏറെ നല്ല രചനകൾ കൊണ്ട് നിറക്കാന്‍ കൊതിച്ച മനസിലെ ആ ബ്ലാക്ക് ബോര്‍ഡില്‍ ചോദ്യ ചിഹ്നം ഇടാന്‍ മറന്ന “എന്തുകൊണ്ട് ” എന്ന ചോദ്യം ഞാന്‍ കോറിയിട്ടു.
എന്തൊക്കെയോ എഴുതാന്‍ ശ്രമിക്കുന്നുണ്ട് പക്ഷെ തലച്ചോറിന്റെ അന്തര്ഭവനങ്ങളില് നിന്നുത്ഭവിച്ചു ബഹിസ്ഭുരണങ്ങളായി പറന്നുയരാന്‍ റണ്‍വേ ലക്ഷ്യമാക്കി നീങ്ങുന്ന എന്റെ ഭാവനയുടെ ചിറകുകളെ ഏതോ അദൃശ്യശക്തി തളര്‍ത്തുന്നു ദിശതെറ്റി റണ്‍വേയില്‍ നിന്ന് തെന്നി മാറുന്നു. ഏതോ പാറ കെട്ടുകളില്‍ ഇടിച്ചു അവ തകരുന്നു. ഭാവനക്കും എന്റെ തൂലികയ്ക്കും ഇടയില്‍ ആരോ കുന്തിരിക്കം പുകയ്ക്കുന്നു. ആ പുകമറയില്‍ എല്ലാം ശൂന്യം . എന്റെ ഏകാഗ്രതയുടെ ചുവരിലും ആരോ മസാല പടത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ചുവോ? ശത്രുക്കള്‍ ആരെങ്കിലും കൂടോത്രം ചെയ്തതാണോ?
ഒരേ ഒരു പോസ്റ്റ് എഴുതി ബ്ലോഗ് വിടണം എന്ന എന്റെ തീരുമാനവും ചിതലരിച്ചതെങ്ങനെ എന്നും മനസിലാകുന്നില്ല! .ആ നീക്കം മണത്തറിഞ്ഞ ആരാധകരാണോ ഇതിനു പിന്നില്‍ അതോ അതിനെ ഭയക്കുന്ന ആരെങ്കിലുമോ?. എന്റെ തൂലികയ്ക്ക് അക്ഷരങ്ങളെ സൃഷ്ടിക്കുവാനുള്ള പ്രിതൃത്വം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. എന്റെ സൃഷ്ട്ടികള്‍ക്ക് പുതുജീവന്‍ നല്കാന് കഴിയും എന്ന പ്രതീക്ഷയില്‍ തുടരുകയാണ് ഞാന്‍. ഈ ദേവലോകത്തിന്റെ അധിപനായി കുലപതിയായി. അനുഗ്രഹിച്ചാലും
ശ്രദ്ധിക്കുക: ഇതിലെ കുഴികള്‍ എണ്ണുക എന്നതാണ് നിങ്ങളില്‍ ഓരോരുത്തരിലും നിഷിപ്തമയിരിക്കുന്ന കര്‍മ്മം അതുകൊണ്ട് അതെണ്ണി കണക്കുകള്‍ താഴെ കൃത്യമായി അറിയിക്കുക
മലയാളം ഇന്നി എഴുത്തും വായനയും മൊബൈലില്‍!!
കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണില്‍ മലയാളം സൈറ്റുകള്‍ വായിക്കുന്നതിനെ പറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മിക്കവര്‍ക്കും സുപരിജിതമായ ഓപ്പറമിനി ഉപയോഗിച്ചാണു മലയാളം സൈറ്റുകള്‍ മൊബൈലില്‍ കാണാന്‍ കഴിയുന്നതു അതെങ്ങനെ എന്നു അറിയാന്‍ ആ പൊസ്റ്റ് ഇവിടെ ക്ലിക്കിയാല്‍ വായിക്കാം. മറ്റു ചില അറിവുകള്‍ കിട്ടിയതു കൂടി പങ്കുവെയ്ക്കാനാണു ഈ പോസ്റ്റ്
മൊബൈലില്‍ മലയാളം ടൈപ്പു ചെയ്യുവാന്‍ സഹായിക്കുന്ന ഒരു സൈറ്റ് പരിജയപെടുത്താം http://malayalam.keralamla.com/mobile/index.php ഇതാണു ആ സൈറ്റ്. നിങ്ങളുടെ ഓപ്പറ ബ്രൌസറില്‍ നിന്നും ഈ സൈറ്റില്‍ പോയി ടെക്സ്റ്റ് ബോക്സില്‍ മംഗ്ലീഷ് ടൈപ്പുചെയ്യുക തുടര്‍ന്ന് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക. അപ്പൊള്‍ വരുന്നപേജില്‍ നിങ്ങള്‍ ടൈപ്പുചെയ്ത വാക്കു മലയാളത്തില്‍ വന്നിട്ടുണ്ടാകും അതു ഫോണിന്റെ copy, paste ഒപ്ഷന്‍ വഴി എവിടെ വേണമെങ്കിലും പേസ്റ്റ് ചെയ്യാം ഓപ്പറ ബ്രൌസറില്‍ ഒന്നിലതികം ടാബുകള്‍ ഓപ്പണ്‍ ചെയ്യാനുള്ള സൌകര്യവും ഉണ്ട് അതും പ്രയോജന പെടുത്താം
ഈ പുതിയ വിവരങ്ങള്‍ക്ക് കടപ്പാട് സൈകതം ബ്ലോഗ്
എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ കമെന്റില്‍ ചോദിച്ചാല്‍ പറയാം
ഇന്നി മൊബൈലിലും…
നമ്മുടെ നാട്ടില്‍ മൊബൈല്‍ ഇന്റെര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണു. 3ജി സേവനം കൂടി ആരംഭിച്ചപ്പോള്‍ ഒട്ടേറെ ആളുകള്‍ മൊബൈല്‍ ഇന്റെര്‍നെറ്റിനെ ആശ്രയിക്കുന്നുണ്ട്. ഒരു പേഴ്സണല്‍ ലാപ് ടോപ്പ് എന്ന പോലെ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് മോബൈലുകളും വിപണിയില്‍ നേരത്തെ തന്നെ സ്ഥാനം പിടിച്ചു കഴിഞു. ജിമെയില്‍, ഫെയിസ്ബുക്ക്, ട്യൂറ്റര്‍, ഓര്‍ക്കുട്ട് തുടങ്ങിയവ എല്ലാം അനായാസം ബ്രൌസ് ചെയ്യാനും ഇത്തരം ഫോണുകളില്‍ സാധിക്കുന്നു. എന്നാല്‍ ഈ ഫോണുകളില്‍ ദേവലോകമൊ മറ്റെതെങ്കിലും മലയാളം ബ്ലൊഗൊ എടുത്താല്‍ അക്ഷരങ്ങള്‍ക്കു പകരം ꓚꓚꓚꓚ ഇത്തരം ചില ചതുര കട്ടകള്‍ കണ്ടു ത്രപ്ത്തരാകേണ്ടി വരും
വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്ധ്യ ഇതിനും പരിഹാരം എന്നേ കണ്ടുപിടിച്ചുകഴിഞ്ഞു ഓപ്പറ എന്ന പ്രജാരമേറിയ ബ്രൌസറാണു ഓപ്പറ സപ്പോര്‍ട്ടു ചെയ്യുന്ന ഏതൊരു മൊബൈലിലും മലയാളം ഉള്‍പ്പെടെ ഒട്ടേറെ പ്രദേശിക ഭാഷകളെയും ദ്രശ്യമക്കാന്‍ സഹായിക്കുന്നത്. ഇതിനായി ഓപ്പറ ബ്രൌസറില്‍ ചെറിയൊരു ഒപ്ഷന്‍ ഓണാക്കിയാല്‍ മതി
ഓപ്പറമിനിയുടെ അഡ്രസ് ബാറില്‍ ഇങ്ങനെ ടൈപ്പുചെയ്യുക about:config അപ്പോള്‍ Power-User settings എന്ന ഒരു പേജ് ലഭിക്കും ആ പേജില്‍ താഴെക്കു സ്ക്രോള്‍ ചെയ്തു പോകുക അടിയില്‍ ആയി Use bitmap fonts for complex scripts എന്ന ഒപ്ഷന്‍ No എന്നായിരിക്കും കിടക്കുന്നത് അതു Yes എന്നാക്കി സേവ് ചെയ്യുക ഇന്നി ബാക്ക് കൊടുത്ത് ഏതു മലയാളം യൂണിക്കോട് സൈറ്റും ബ്രൌസ് ചെയ്തോളു.
ഓപ്പറമിനി ഇല്ലാത്തവര്‍ ഇവിടെ ക്ലിക്കിയാല്‍ ഡൌണ്‍ലോഡ് ചെയ്യാം. ഇന്നി മലയാളം ടൈപ്പുചെയ്യാന്‍ പറ്റിയാല്‍ ബ്ലോഗര്‍മാര്‍ക്കും സുഖമായി
സംശയം ഉണ്ടെങ്കില്‍ കമെന്റില്‍ ചോദിച്ചാല്‍ അറിയാവുന്നതു പറയാം…
വഴി തെറ്റിവരുന്നവരോട് “ഞാന്‍ ഒന്ന് തീരുമാനിച്ചു ഇത്തരത്തില്‍ ഒരു ബ്ലോഗ് തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല !!”
വഴിതെറ്റി വന്നവരെ നിങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നത് സാക്ഷാല്‍ ദേവലോകത്താണ് അതെ നരസ്രിഷ്ടിയായ ബൂലോകത്തിലെ ദേവന്റെ ലോകം. ഇവിടെ എത്തിയ എല്ലാവരും അബദ്ധ വശാലോ വഴിതെറ്റിയോ വന്നു പോയവരാണ് . കാരണം ദേവന് എന്ന ഞാന്‍ ബൂലോകത്തെത്തിയിട്ട് അഞ്ചു വര്‍ഷത്തോളമായെങ്കിലും ഇവിടെ ദേവലോകം എന്ന എന്റെ കൊച്ചുലോകം തുടങ്ങിയിട്ട് പരിമിത കാലമേ ആയിട്ടുള്ളൂ ഇത് ദേവലോകത്തിന്റെ രണ്ടാം വരവാണെന്ന് ആദ്യ പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. ഈ വര്‍ഷാരംഭത്തില്‍ ദേവലോകംപുനര്നിര്മ്മിക്കപ്പെട്ടതിനു ശേഷം ഇവിടെ വന്നുപോയവര്‍ എണ്ണൂറില്അതികവും ആയിരത്തിനടുത്തുമാണെന്നാണ് ബൂലോകത്തിലെ സര്‍വ്വ വ്യാപിയായ ഗൂഗിള്‍ പറയുന്നത് . ഇത്രയും ആളുകള്‍ ഇവിടെ വന്നു പോയെങ്കിലും കേവലം ഇരുപതു ഫോളോവേഴ്സും വിരലില്‍ എണ്ണാവുന്ന കമെന്റുമാണ് ദേവലോകത്തിന്റെ കൈമുതല്‍. അതും എന്റെ അഭ്യര്‍ത്ഥനമാനിച്ചു പലരും ചെയ്തവ. ഇതില്‍ നിന്നും എന്തൊക്കെ മനസിലാക്കാം. ഇവിടെ വന്നവര്‍ വഴിതെറ്റി വന്നതാണ് , വന്നതില്‍ പകുതിയിലതികവും ബെര്‍ളിത്തരങ്ങളില്‍ തുറന്നു കിടന്ന കമെന്റു കടയില്‍ ഞാനിട്ട ദേവലോകത്തിന്റെ ലിങ്കില്‍ ക്ലിക്കി വന്നവരാണ് (ഇച്ചായന് സ്പെഷ്യല്‍ താങ്ക്സ് ) അവിടത്തെ പോലെ ഇവിടെയും പോസ്ടുകള്‍ക്കൊന്നും ഗുമ്മിലെന്നുകണ്ടു വന്നവര്‍ നിഷ്കരുണം ദേവലോകത്തെ തഴഞ്ഞു . പിന്നേ മറ്റൊരു കൂട്ടര് നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെ എന്തിനോ വന്നു എതിലെയോ പോയി എന്ത് കമെന്റ് എന്തോന്ന് ഫോളോവേഴ്സ്. ദേവലോകത്തില്‍ ഒന്നുമില്ലതകൊണ്ടോ പോസ്റ്റിനു ഗുമ്മോ, ഗ്ലാമറോ,അശ്ലീലമോ ഇല്ലാത്തത്ത് കൊണ്ടാണെന്ന് എനിക്ക് സമാധാനിക്കാം എന്നാല്‍ ചക്കപഴം കണ്ട കൂവീച്ചയെപ്പോലെ ബ്ലോഗുമായി വരുന്ന പുതുമുഖങ്ങള്‍ ശ്രെദ്ധിക്കപ്പെടാതെ പോകുന്നത് വലിയ കഷ്ട്ടം തന്നെ. അതില്‍ എത്രയോ കഴിവുള്ള എഴുത്തുകാര്‍ ഉണ്ട് .
എന്തായാലും ഇതില്‍നിന്നെല്ലാം ഒന്ന് തീരുമാനിച്ചു ഇത്തരത്തില്‍ ഒരു ബ്ലോഗ് തുടരുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ലാന്ന് മനസിലാക്കിയതിനാല്‍ ഇവിടെ വെറുതെ വന്നുപോകുന്ന അണ്ടനും അടകോടനും എല്ലാം പ്രേയോജനപെടുന്ന ഒട്ടേറെ കാര്യങ്ങള്‍ ദേവലോകത്തില്‍ നടപ്പാക്കുക. വെറുതെ എന്റെ ബ്ലോഗാണ് എനിക്കെന്തുമെഴുതാം എന്റെ ത്രിപ്തിക്കുവേണ്ടിയാണെഴുതുന്നത് എന്നൊന്നും വല്യവായില്‍ നുണപറയാന്‍ എന്നെകിട്ടില്ല. അങ്ങിനെ തൃപ്തികിട്ടുന്നവന് ഇരുനൂറു പേജിന്റെ നോട്ട് ബുക്ക് വാങ്ങിഎഴുതിയാലും മതി.അതല്ല കമ്പ്യൂട്ടറില്‍ തന്നെ വേണമെങ്കില്‍ നോട്ട്പാടും വേര്‍ഡും ഒക്കെ ഉണ്ടല്ലോ. ഇതൊക്കെ പത്തുപേര്‍ കാണാന്‍ വേണ്ടിതന്നെ ചെയ്യുന്നതായത് കൊണ്ടും അതുകൊണ്ട് ആര്‍ക്കെങ്കിലും മൊക്കെ പ്രയോജനം ചെയ്യുന്നെങ്കില്‍ അങ്ങനാകട്ടെ എന്തായാലും കൂടുതല്‍ ഒന്നും പറഞറിയിക്കുന്നില്ല. നിയൊക്കെ കൊണ്ടാലേ അറിയൂ
തിരിച്ചുവരവ്
ദേവലോകത്തിന്റെ തകര്‍ച്ച വ്യമോഹിച്ചിരിക്കുന്ന അസുരന്മാരെ നിങ്ങള്‍ കേട്ടുകൊള്‍ക പ്രപഞ്ചംമലര്ക്കെ പിളര്‍ന്നാലും കുലുങ്ങാത്ത വിധം ദേവലോകം ഇതാ തിരിച്ചുവന്നിരിക്കുന്നു അതെ! മാന്യമായ രീതിയില്‍ ഒരുമൂലയില്‍ ഒതുങ്ങികൂടി ബ്ലോഗികൊണ്ടിരിക്കെയാണ് വേര്‍ഡ്പ്രസ്സില്‍ അതിഷ്ടിതമായി നിര്‍മ്മിച്ചിരുന്ന ആദ്യ ദേവലോകത്തിന്റെ ഡാറ്റാബെയിസ് തന്നെ അസുര തസ്കരന്മാര് അടിച്ചുമാറ്റിയത്. ചില വിലപ്പെട്ട പോസ്റ്റുകളും മറ്റും വരാനിരിക്കെയാണ് ഇത്തരമൊരു അസുരാഫാസത്തരം അരങ്ങേറിയത്. മലയാള ബ്ലോഗിങ്ങില്‍ കുത്തക സമ്രാജ്യം പടുത്തുയര്‍ത്തി അരങ്ങുവാഴുന്ന ചില ഉന്നതന്മാരുടെ കറുത്ത കരങ്ങളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭാവിയിലും ഇത്തരം ആക്രമങ്ങളെ ചെറുക്കുവനായി ഗൂഗിളിന്റെതുള്പ്പെടെ ഉള്ള 6 ഡാറ്റാബെയിസുകളെ സംയോജിപ്പിച്ചുകൊണ്ടാണ് പുതിയ ദേവലോകത്തിന്റെ അടിത്തറ കെട്ടിഉയര്ത്തിയിരിക്കുന്നത്. ഒരെണ്ണം താല്കാലികമായി പണിമുടക്കിയാലും ദേവലോകം കുലിങ്ങില്ല.കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല.വഴിയേകാണാം