ഇര ഒരു സമ്പൂർണ്ണ സസ്പെൻസ് ത്രില്ലെർ

ഇര ഒരു സമ്പൂർണ്ണ സസ്പെൻസ് ത്രില്ലെർ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു മനോഹര ചിത്രം. ഉണ്ണിമുകുന്ദൻ എന്ന നടനെ ഇത്രയും നന്നായി ഉപയോഗിച്ച സിനിമ സമീപകാലത്തുണ്ടായിട്ടില്ല. സത്യത്തിൽ ഇര ക്കൊപ്പം സഞ്ചരിച്ച ഓരോ നിമിഷവും ആ നടനോടുള്ള ഇഷ്ടം കൂടിയതെ ഉള്ളു അത്ര കയ്യടക്കത്തോടെയാണ് തൻറെ കഥാപാത്രത്തെ അദ്ദേഹം സമീപിച്ചിരിക്കുന്നതും അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നതും.
ഡോക്ടർ ആര്യൻ എന്ന കഥാപത്രമായി സുരേഷ് ഗോപിയുടെ മകൻ ഗോകുൽ വേഷമിടുന്നു ഗോകുലിന്റെ അഭിനയവും അഭിനന്ദനാർഹമായ നിലയിൽ മെച്ചപ്പെട്ടിരിക്കുന്നു എന്നത് ഈ ചിത്രത്തിലൂടെ അനുഭവിച്ചറിയാം.
എല്ലാത്തിലും ഉപരി സൈജു എന്ന സംവിധായകന്റെ ഒരു ഗംഭീരക്രാഫ്റ്റുകൂടിയാണ് ഇര. മലയാള സിനിമയിലെ അതികായൻമാർ എന്ന് വിശേഷിപ്പിക്കാവുന്ന ഉദയ കൃഷ്ണയും വൈശാഖുമാണ് നിർമ്മാണം.
ചിത്രത്തിലെ ഗാനങ്ങളും തരക്കേടില്ലാത്തവയാണ്.
അടുത്തതാകാലത്ത് സിനിമാ മേഖലയിൽ ഉണ്ടായ ചില സംഭവങ്ങളും. ആദിവാസി മേഖലയിലെ ചില പ്രശ്നങ്ങളുമെല്ലാം സിനിമയിൽ പറഞ്ഞുപോകുന്നുണ്ട്. അൽപ്പസ്വൽപ്പം ക്ളീഷേ മുഹുർത്തങ്ങൾ ഉണ്ടെങ്കിലും പ്രേഷകരുടെ ആസ്വാദനത്തെ ബാധിക്കാത്തവിധം അവ കൈകാര്യം ചെയ്തിട്ടുണ്ട്. അൽപ്പം പ്രണയത്തിലൂടെയും പ്രതികാരത്തിലൂടെയും കടന്നുപോകുന്ന ചിത്രം സാമൂഹ്യ പ്രശ്നങ്ങളിലേക്കുള്ള ഒരു ചൂണ്ടുവിരലാകാനുള്ള ശ്രമം കൂടിയാണ്. താരമൂല്യങ്ങളെ വകവെയ്ക്കാതെ അമിത പ്രതീക്ഷയൊന്നുമില്ലാതെ ഇര എന്ന സിനിമ കാണാം

Ira Malayalam Movie Review By Devan Thodupuzha | Unni Mukundan, Gokul Suresh, Miya George
www.facebook.com/devanofficial

പൂമരം എന്ന പാഴ്ത്തടിയെപറ്റി രണ്ട് വാക്ക് |പൂമരം റിവ്യൂ

സംവിധായകൻ എബ്രിഡ് ഷൈൻ, 1983 എന്ന ആദ്യചിത്രത്തിൽ കൂടിതന്നെ പ്രേക്ഷക ഹൃദയം കീഴടക്കി ആക്ഷൻഹീറോ ബിജുവിലൂടെ പ്രേക്ഷകമനസ്സുകളിലെ തൻറെ സ്ഥാനം ഊട്ടി ഉറപ്പിച്ചു. പിന്നീടിപ്പോൾ മൂന്നാം ചിത്രമായ പൂമരം, ഒരു വർഷത്തിലേറെയായി പ്രേക്ഷകർ കാത്തിരുന്ന ചിത്രം. ആദ്യ രണ്ടു ചിത്രങ്ങളെ വിലയിരുത്തി മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷ കൊടുക്കുമെന്ന് ഉറപ്പുള്ള ചിത്രം മറ്റുള്ളതിനേക്കാളൊക്കെ മികച്ച കലാസൃഷ്ടി ആയിരിക്കണം മൂന്നാം ചിത്രമെന്നിരിക്കെ പൂമരം പേരിനെ അർത്ഥവത്താക്കും വിധം ഒരു പാഴ്ത്തടിയായി മാറി. പൂമരത്തിന്റെ തടികൾ മറ്റൊന്നിനും ഉപയോഗിക്കാറില്ല!!!
എന്ത് പുതിയ പരീക്ഷണമാണെങ്കിലും സിനിമാ എന്ന കല പിന്തുടരുന്ന ചില ചിട്ടവട്ടങ്ങളെ പാടെ മറന്നു കുറെയേറെ വിഷ്വൽസ് കൂട്ടി സംയോജിപ്പിച്ചാൽ അതിനെ എങ്ങനെ സിനിമയെന്ന് വിളിക്കും. മനോഹരമായ ഒരുപാടു കവിതകൾ ആവശ്യത്തിനും അനാവശ്യത്തിനും ഇതിനിടയിൽ തിരുകികയറ്റിയത് അത്രകണ്ട് മേന്മയായി എന്നുതോന്നുന്നില്ല. കവിതകൾ എല്ലാം നന്നായിരിക്കുന്നു അതിന്റെ സൃഷ്ട്ടാക്കൾ അഭിനന്ദനം അർഹിക്കുന്നു.
പ്രേക്ഷകരെ പിടിച്ചിരുത്താൻ തക്കതായ ഒന്നുമില്ലാതെ ഇങ്ങനൊരു ചിത്രം അവസാന പ്രിവ്യൂ കണ്ടതിനു ശേഷവും പുറത്തിറക്കാൻ തീരുമാനിച്ച സംവിധായക മനസ്സോ അതിലെ വാണിജ്യ താല്പര്യത്തെപോലുമോ മനസിലാകുന്നില്ല ഒരു പക്ഷെ ഒരു വർഷക്കാലമായി ചിത്രത്തിന് ഉണ്ടായ ഹൈപ്പ് ചിത്രത്തെ രക്ഷിക്കും എന്ന മുൻ വിധിയോ അതോ എന്ത് ചവറും മലയാളികൾ സ്വീകരിക്കും എന്ന ധാഷ്ട്യമോ എന്ത് തന്നെ ആയാലും സാധാ പ്രേക്ഷകന്റെ മനോനിലയിൽ പൂമരം ഒരു പക്കാ ചവർ തന്നെ. കണ്ടിറങ്ങുമ്പോൾ ഇതെന്തു മൈ**** സിനിമ ആടാവേ!! എന്ന് രോഷം കൊള്ളാൻ അവനെ ചൊടിപ്പിക്കുന്ന സിനിമ അതാണ് യാഥാർഥ്യം. ഇനി മറ്റൊന്ന് ബുദ്ധിജീവികൾ എന്ന വർഗം മനസുകൊണ്ട് ഇഷ്ട്ടപെട്ടില്ലെങ്കിലും ഒരുകുന്തവും മനസിലായില്ലെങ്കിലും വാനോളം പുകഴ്ത്തും വെറുതെയാണ് . ചിലർ നല്ലതെങ്കിലും താഴ്ത്തികെട്ടും അങ്ങനെയും ഉണ്ട് ബുദ്ധിജീവികൾ. എന്തായാലും ഞാൻ എന്റെ അഭിപ്രായം പറഞ്ഞു മുകളിൽ പറഞ്ഞ ഏതു വിഭാഗത്തിലും എന്നെ പെടുത്താം. പക്ഷെ നിഷ്പക്ഷം എന്നൊന്നുണ്ട് അതാണെന്റെ പക്ഷം . എനിക്ക് പൂമരത്തിലെ കവിതകളും പിന്നെ സെന്റ് തെരേസാ കോളേജിലെ ആ പെങ്കൊച്ചിന്റെ അഭിനയവും പോലീസ് സ്റ്റേഷനിലെ ഏതാനും ഡയലോഗുകളും ഒഴികെ ബാക്കി എല്ലാം അതീവ വിരസത സമ്മാനിച്ച കാഴ്ച്ചകളായിരുന്നു .പൂമരം എന്ന സിനിമയിൽ കഥയോ കഥാപത്രങ്ങളോ ഇല്ല കണ്ടിരിക്കാൻ ഒരു കുന്തവും ഇല്ല. പുതിയ പരീക്ഷണമെന്നും സിനിമ ഒരു പാടുപേരുടെ വിയർപ്പാണെന്നും ഒക്കെ പൂമരത്തിനു സ്തുതിപാടുന്ന പാണന്മ്മാർ സദയം ക്ഷമിക്കുക.
ഞാനും ഒരു സിനിമാ മോഹിയാണു സിനിമ ഒരു പാട്പേരുടെ വിയർപ്പുമാണ്. എന്നാൽ ഈ വിയർപ്പിന്റെ ഫലം അനുഭവിക്കുന്ന പ്രേക്ഷകർ എന്നൊരു വിഭാഗമുണ്ട്. അവരുടെവിയർപ്പിനും വിലയുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയുന്നവരായിരിക്കണം ഒരു സിനിമയുടെ അണിയറക്കാർ. സിനിമ എന്നത് ഒരു കല എന്നതിലുപരി ഒരു ബിസിനസ് കൂടിയാണ് എന്ന ബോധ്യത്തിൽ ബിസിനസിനെ വിജയിപ്പിക്കുന്ന ഞങ്ങൾ പ്രേക്ഷകരെ കൂടി പരിഗണിക്കുന്ന നല്ലൊരു ചിത്രവുമായി എബ്രിഡ് ഷൈൻ തിരിച്ചുവരുമെന്ന വിശ്വാസത്തിൽ നിർത്തട്ടെ .നല്ലരീതിയിൽ നിങ്ങളെ മടുപ്പിക്കുന്ന ഈ ചിത്രം കാണുന്നതും കാണാതിരിക്കുന്നതും ഇനി നിങ്ങളുടെ തീരുമാനമാണ്‌ . നന്ദി

സുഖമാണോ ദാവീദേ

sukhamano-daveede-film-reviewഅവകാശ വാദങ്ങൾ ഒന്നുംതന്നെ ഇല്ലാതെ ഈ വാരം തീയറ്ററുകളിൽ ഒരു കൊച്ചു സിനിമ പ്രദർശനത്തിനെത്തി സുഖമാണോ ദാവീദേ. വലിയ താരനിരകൾ ചിത്രത്തിൽ ഇല്ല. വളരെ സുധാര്യമായ നൈസർഗിക അഭിനയമാണ് ഭഗത് മനുവലിൻറെത് . ഇതുപോലുള്ള നിഷ്ക്കളങ്ക ചിത്രങ്ങൾക്ക് ആ രീതി ഒരു പാട് ഗുണമുണ്ടാക്കുമെന്നാണ് തോന്നുന്നത്. ഭഗത്ത് പണ്ടെ കഴിവുതെളിയിച്ച നടനാണ് അദ്ദേഹത്തെപ്പറ്റി കൂടുതൽ പറയേണ്ടകാര്യമില്ല. നവാഗതരായ ഇരട്ട സംവിധായകർ അനൂപ് ചന്ദ്രനും രാജ മോഹനനും ആദ്യ ചിത്രം കയ്യടക്കത്തോടെ ചെയ്തു എന്നത് അഭിനന്ദാർഹമാണ്
ഒരു കുടുംബത്തിലെ രണ്ടു സഹോദരങ്ങൾ തമ്മിലുള്ള ആത്മബന്ധവും അതിനിടയിൽ കടന്നുകൂടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. ചേട്ടൻ ദാവീദായി ഭഗത് മാനുവലും അനിയൻ ജോയലായി മാസ്റ്റർ ചേതൻ ലാലും നല്ല പ്രകടനം തന്നെ കാഴ്ച്ചവെച്ചിട്ടുണ്ട്.ശലോമിയായി പ്രിയങ്ക നായർ, ടെസയായി ശ്രുതി ബാല, സുധീർ കരമന, ബിജുക്കുട്ടൻ, നന്ദു ലാൽ, നോബി, നിർമ്മൽ പാലാഴി, വിജിലേഷ്, അരുണ്‍ പോൾ, യോഗി റാം, താര കല്യാണ്‍, ആര്യ, മഞ്ജു സതീഷ്, സീതാ ലക്ഷ്മി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. കൈതപ്രം, മോഹൻ സിത്താരകൂട്ടുകെട്ടിൽ പിറന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുപാടിഷ്ട്ടപെട്ടു അതുപോലെ ടൈറ്റിൽ വര്ക്കുകൾ ഗംഭീരം. തൊടുപുഴയുടെ ദൃശ്യഭംഗി ഒരു പിടി നല്ലചിത്രങ്ങളിലൂടെ വെളളിത്തിരയിൽ ഇങ്ങനെ കാണുന്നത് ഏറെ അഭിമാനം തോന്നുന്ന ഒന്നാണ്. sukhamano-daveede-film-review- devan mv thodupuzhaസമീപകാല റീലിസ് ചിത്രങ്ങൾ സമ്മാനിച്ച നിരാശകളിൽ നിന്നും എന്നിലെ സിനിമാ ആസ്വാദകനെ ത്രിപ്തിപെടുത്തയ ചിത്രമെന്ന നിലയിൽ ഒരു ചെറിയ സിനിമ എന്ന ധാരണ മുന്നിൽ നിർത്തി കണ്ടാൽ സുഖമാണോ ദാവീദേ നിങ്ങൾക്കും ഇഷ്ടപെടും തീർച്ച .

വിമാനം

vimanamപൃഥ്വിരാജിൻറെ വിമാനത്തോടൊപ്പം പയർന്നുയര്ന്നപ്പോൾ കിട്ടിയത് ഈ വർഷത്തെ ഒരു മനോഹര ചിത്രം ആസ്വദിക്കാൻ പറ്റിയ സന്തോഷം തന്നെ. എന്റെ നാട്ടുകാരൻ കൂടിയായ സജി എം തോമസ്എന്ന വ്യക്തിയുടെ ജീവിതകഥ യാണ് വിമാനം എന്ന സിനിമയായി നവാഗതനായ പ്രദീപ് നായര്‍ അണിയിച്ചൊരുക്കിയത്. മൊയ്തീന് ശേഷം പൃഥ്വിയുടെ സുന്ദരമായ ഒരു പ്രണയചിത്രം. ഒരേ ഇതിവൃത്തമായതിനാൽ എബി എന്ന സിനിമപോലെ തന്നെ ആകുമോ എന്ന് തോന്നിയിരുന്നു എന്നാൽ എബിയിൽ നിന്നും ഒരുപാട് വ്യത്യസ്തത കൊണ്ടുവരാൻ പ്രദീപ് എന്ന സംവിധായകന് കഴിഞ്ഞു. പ്രേക്ഷകമനം നിറയ്ക്കുന്ന ഒരുതരം കാവ്യപ്രണയവും മനോഹരമായ സംഗീതവും എല്ലാം വിമാനത്തിനെ ഒരു മികച്ച ദൃശ്യ വിരുന്നാക്കിമാറ്റുന്നു സിനിമ കണ്ടിറങ്ങുമ്പോഴും ജാനകിയും വെങ്കിടിയും പ്രേക്ഷക മനസ്സിൽ ഒരു വിമാനത്തിലെന്ന പോലെ പറന്ന് നടക്കും എന്നുറപ്പ്. ഈ സിനിമ കാണാം ധൈര്യപൂർവ്വം.

മാസ്റ്റർപീസ്

റിലീസിന് മുൻപ് നമ്മുടെ പ്രിയപ്പെട്ട സന്തോഷ് പണ്ഡിറ്റ് പുള്ളിക്കാരന്റെ പേജിൽ പറഞ്ഞു ഓഖി കൊടുങ്കാറ്റിനേക്കാൾ വേഗത്തിൽ മാസ്റ്റർപീസ് തരംഗം കേരളത്തിൽ ആഞ്ഞടിക്കുമെന്ന്, ഒരർത്ഥത്തിൽ പണ്ഡിറ്റ് ജി പറഞ്ഞത് തന്നെ സംഭവിച്ചെന്നുപറയാം. ഓഖി കൊടുങ്കാറ്റിനേക്കാൾ വലിയ ദുരന്തമാണ് മാസ്റ്റർപീസ്. ആദ്യനാളുകളിൽ ഫാൻസിന്റെ ഉന്തുവണ്ടികൾ മാസ്റ്റർപീസിനേം പൊക്കി സോഷ്യൽ മീഡിയയിൽ തലങ്ങും വിലങ്ങും ഓടി (തള്ളെന്ന് പറഞ്ഞാൽ ഒടുക്കത്തെ തള്ളൽ അല്ലാരുന്നോ) ഇതുകണ്ട് പടം കാണാൻ ചെന്ന പ്രേക്ഷകരെ ക്രിസ്മസ് നാളുകളിൽ തന്നെ ഏപ്രിൽ ഫൂളാക്കി വിട്ടു എന്ന പുതിയ ചരിത്രം മാസ്റ്റർപീസിനു സ്വന്തം. ഇതിനു മുൻപ് പല മമ്മൂട്ടി ചിത്രങ്ങളും ആദ്യനാളുകളിൽ തള്ളൽ റിവ്യൂ കണ്ട് തിയ്യറ്ററിൽ കയറി ഇളിഭ്യനായി മടങ്ങേണ്ടിവന്ന ഒരു സിനിമാസ്വാദകൻ എന്ന നിലയിൽ ഇത്തവണ ഹൈലെവൽ വിട്ട് ലോ ലെവൽ പ്രതീക്ഷയിലാണ് സിനിമ കാണാൻ കയറിയിരുന്നത് ഇത് മലമറിക്കാനൊന്നും പോണില്ല എന്നറിഞ്ഞുകൊണ്ട് തന്നെ, ആദ്യമായെന്റെ പ്രതീക്ഷകൾ തെറ്റിക്കാത്ത ഒരു മമ്മൂട്ടി ചിത്രം എന്ന ബഹുമതി മാസ്റ്റർപീസിനിരിക്കട്ടെ. ക്യാമ്പസ് ചിത്രം എന്ന മേലങ്കിയിൽ തീയറ്ററിൽ എത്തിയ മാസ്റ്റർപീസ് സത്യത്തിൽ ഒരു ക്രൈം ത്രില്ലർ ആണ്. ഉദയ കൃഷ്‌ണയുടെ തിരക്കഥ പതിവ് ചട്ടക്കൂടിൽ തന്നെ തല്ലിക്കൂട്ടിയിരിക്കുന്നു ഒരുപാട് ക്ലിഷേകൾ കൂട്ടിയിണക്കിയ കഥ. സസ്പെൻസ് അവസാനം വരെ കാത്ത് സൂക്ഷിക്കാൻ സംവിധായകന് ഒരു രീതിയിലും സാധിച്ചില്ല എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം വാസ്ഥവം. ആദ്യപകുതി നന്നായി വെറുപ്പിച്ചു മമ്മൂട്ടിയുടെ വരവിനുശേഷവും വല്യ മെച്ചമൊന്നും ഉണ്ടായില്ല. സ്ത്രീപക്ഷ ബഹുമാനം ഇക്കയുടെ ഡയലോഗിലൂടെ നിറഞ്ഞുകവിഞ്ഞൊഴുകിയത് ഒരുപാട് അരോജകമായി തോന്നി. പാഷാണവും തന്നെ കൊണ്ട് കഴിയുന്ന രീതിയിൽ വെറുപ്പിച്ചപ്പോൾ കലാഭവൻ ഷാജോൺ തന്റെ അഭിനയത്തിൽ നിലവാരം പുലർത്തി. പാട്ടുകളെ പറ്റി പ്രിത്യേകം പറയാൻ ഒന്നുമില്ല.പിന്നെ സ്റ്റണ്ട് മ്യാരകം എന്നേ പറയേണ്ടു തമിഴിൽ പോലും ഇത്ര അമാനുഷികത്വം ഉണ്ടാവില്ല. സന്തോഷ് പണ്ഡിറ്റ് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംമ്പാർ എന്ന് പറഞ്ഞപോലെ ഒരു ക്യാരക്ടർ! എന്തായാലും വെറുപ്പിച്ചില്ല ആശ്വാസം!!. വരലക്ഷ്മിയെയും പൂനത്തിനെയും ഒക്കെ എന്തിനാണാവോ കൊണ്ടുവന്നേ, പാട്ടിനിടയിൽ വയറുകാണിക്കാനാകും. മാസ്റ്റർ “പീസ്” എന്ന് പറയുമ്പോ അങ്ങനായിരിക്കും അല്ലെ?. എന്തായാലും കടുത്ത താരാരാധന മൂത്ത് കണ്ണ് കാണാതായ ഫാൻസ്‌ അസോസിയേഷൻ പിള്ളേർക്ക് ആശ്വാസം നല്കാൻ വേണ്ടി മാത്രം ഉണ്ടായ ഒരു സൃഷ്ട്ടി എന്ന് വിശേഷിപ്പിച്ചാൽ തെറ്റില്ല.പ്രിയപ്പെട്ട ഫാൻസുകാരെ പ്രേക്ഷകന് അമിത പ്രതീക്ഷ നൽകി സിനിമയെ ഇല്ലായ്‌മ ചെയ്യുന്നത് നിങ്ങളാണ് ഇനിയെങ്കിലും അതൊഴിവാക്കുമല്ലോ. സാധാരണക്കാരനൊന്നും ദഹിക്കാൻ ഉള്ള വിഭങ്ങളോ പുതുമയോ സിനിമയിൽ ഇല്ല. ഉള്ളതെല്ലാം പക്കാ ക്ളീഷേയും. ഞങ്ങളെ പോലുള്ള സാധാരണക്കാർക്കിഷ്ടം പഴയ വല്യേട്ടനെയും, നരസിംഹ മന്നാടിയാരെയും ഒക്കെയാണ് നല്ല ചിത്രങ്ങളിലൂടെ രണ്ടായിരത്തി പതിനെട്ടിൽ എങ്കിലും ഇക്ക പ്രേക്ഷക ഹൃദയം കീഴടക്കട്ടെ.

രക്ഷാധികാരിബൈജു ഒപ്പ് Review Devan Thodupuzha

സത്യത്തില്‍ ഈ സിനിമ കാണുകയല്ലായിരുന്നു അനുഭവിച്ചറിയുകയായിരുന്നു. ബൈജു കുമ്പള ത്തിനൊപ്പം!! കുമ്പളം ബ്രദേഴ്സിനോപ്പം!! രണ്ടര മണിക്കൂറിലതികം സമയം അവരുടെ നാടും നാട്ടുകാരെയും അടുത്തറിയുകയായിരുന്നു. കേവലം സിനിമയിലെ കഥാ പാത്രങ്ങളായി ഒതുങ്ങാതെ പ്രേക്ഷക മനസിലേക്ക് കടന്നുചെല്ലാന്‍ കഴിവുള്ള കഥാപാത്രങ്ങള്‍. അഭിനേതാക്കളെല്ലാം മികച്ച രീതിയില്‍ തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കി. എന്‍റെയും അതിനു മുന്‍പ്പും ഉണ്ടായിരുന്ന തലമുറയെ കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മകളിലേക്ക് ചെറുതായി സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ ഉണ്ടിതില്‍. ജനാര്‍ദ്ധനേട്ടന്‍ ഒക്കെ കാഴ്ച്ച വെച്ച കഥാപാത്രം ഞങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്ന ആരൊക്കെയോ ആണ്. സാമാന്യ ജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും വിഷമങ്ങളും പ്രശ്നങ്ങളും ഒപ്പം ഒരു നാട്ടിന്‍ പുറത്തെ എല്ലാ ചേരുവകളും ചിത്രത്തില്‍ നന്നായി യോജിപ്പിച്ചിരിക്കുന്നു. ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ തയ്യാറാക്കിയ തിരക്കഥ അതിന്‍റെ എല്ലാ തനിമ കളോടും കൂടി വെള്ളിത്തിരയില്‍ എത്തിക്കുന്നതില്‍ സംവിധായകനും തിരക്കഥാ കൃത്തുമായ രഞ്ചന്‍പ്രമോധിനു സാധിച്ചു
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ സുന്ദരം വശ്യം മനോഹരം… “രക്ഷാധികാരി ബൈജു ഒപ്പ്” നല്ലൊരു നാടന്‍ ചിത്രം.കാണാതെ പോയാല്‍ നല്ലൊരു ചലച്ചിത്രാസ്വാധനമാവും നഷട്ടമാകുക.